Old Tax Regime Vs New Tax Regime: Which is Better in 2023 ?

കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച ഇളവുകള്‍ ഒറ്റനോട്ടത്തില്‍ ആകര്‍ഷകമാണെങ്കിലും ശമ്പളവരുമാനക്കാരില്‍ ഭൂരിഭാഗത്തിനും ഇളവുകളൊന്നുമില്ലാത്ത ഈ നികുതിഘടന ലാഭകരമായിരിക്കില്ല. അതുകൊണ്ടുതന്നെ സ്വന്തം വരുമാനത്തിന്‍റെയും തനിക്ക് അര്‍ഹതയുള്ള നികുതിയിളവുകളുടെയും സ്വഭാവം വിലയിരുത്തിയ ശേഷം മാത്രം നികുതിഘടന മാറ്റുന്നതാവും അഭികാമ്യം. അതായത്, ചിലര്‍ക്ക് പഴയ നികുതിഘടന ആയിരിക്കും ലാഭമെങ്കില്‍ മറ്റു ചിലര്‍ക്ക് പുതിയ രീതിയായിരിക്കും ഗുണകരം. ആദായനികുതി കണക്കാക്കാന്‍ രണ്ടു നികുതിഘടനകള്‍ നിലവില്‍ വരുന്നത് 2020ലെ കേന്ദ്ര ബജറ്റിലാണ്. നിലവിലുണ്ടായിരുന്ന ആദായനികുതി സ്ലാബിനു പുറമേ, കുറഞ്ഞ നിരക്കിലുള്ള നികുതിയുള്ള പുതിയൊരു നികുതിഘടന കൂടി അവതരിപ്പിക്കുകയാണ് ആ വര്‍ഷം ധനമന്ത്രി ചെയ്തത്. പക്ഷേ, ഒരു തരത്തിലുള്ള ആദായനികുതി ഇളവുകളും ഉണ്ടാവില്ല എന്നതായിരുന്നു പുതിയ നികുതിഘടനയുടെ പ്രത്യേകത. അതായത് ഒരാള്‍ക്ക് വിവിധ തരത്തിലുള്ള ആദായനികുതി ഇളവുകളോടെ താരതമ്യേന ഉയര്‍ന്ന നികുതിനിരക്കിലുള്ള പഴയ നികുതിഘടനയോ, ഒരു തരത്തിലുള്ള ആദായനികുതി ഇളവുമില്ലാതെ കുറഞ്ഞ നികുതി നിരക്കുള്ള പുതിയ നികുതിഘടനയോ സ്വീകരിക്കാം എന്നര്‍ഥം.

ആദായനികുതി ഇളവുകള്‍ ഇവ

നികുതിദായകര്‍ക്ക് വിവിധ വിഭാഗങ്ങളിലായി എഴുപതോളം ഇളവുകളുണ്ടെന്നാണു കണക്ക്. എന്നാല്‍ ഇതില്‍ പ്രധാനപ്പെട്ടത്, നിക്ഷേപങ്ങള്‍ക്ക് പരമാവധി ഒന്നര ലക്ഷം രൂപ വരെ നികുതിയിളവു ലഭിക്കുന്ന 80 സി, ഭവനവായ്പയുടെ പലിശയ്ക്ക് പരമാവധി രണ്ടു ലക്ഷം രൂപ വരെ ലഭിക്കുന്ന നികുതിയിളവ്, നിലവില്‍ 50,000 രൂപ വരുന്ന സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ എന്ന അടിസ്ഥാന നികുതിയിളവ്, വീട്ടുവാടക അലവന്‍സ് (എച്ച്ആര്‍എ), ലീവ് ട്രാവല്‍ അലവന്‍സ് (എല്‍ടിഎ), പ്രഫഷനല്‍ ടാക്സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയ്ക്കു ലഭിക്കുന്ന നികുതിയിളവ് തുടങ്ങിയവയാണ്. ഇതില്‍ സ്റ്റാന്‍ഡേഡ് ഡിഡക്ഷനും ഭവനവായ്പാ പലിശയുടെ ഇളവും നിക്ഷേപങ്ങളുടെ പലിശയിളവും മാത്രം ചേര്‍ത്താല്‍ തന്നെ 4 ലക്ഷം രൂപ വരെ പഴയ നികുതിഘടന സ്വീകരിക്കുന്ന ഒരാള്‍ക്ക് നികുതിയിളവു ലഭിക്കും. ഇവയെല്ലാം ലഭിക്കാന്‍ അര്‍ഹതയുള്ള ഒരാള്‍ക്ക്, പുതിയ നികുതിഘടനയിലെ കുറഞ്ഞ ആദായനികുതി നിരക്കിനേക്കാളും ലാഭകരമാകുക പഴയ രീതിയില്‍ ഇളവുകളോടെയുള്ള പഴയ നികുതിഘടനയായിരിക്കും. അതേസമയം, ഭവനവായ്പയോ കാര്യമായ നിക്ഷേപങ്ങളോ ഇല്ലാത്ത ഒരാള്‍ക്ക് പുതിയ നികുതി ഘടനയായിരിക്കും ലാഭകരം.

ആദായനികുതി സംബന്ധിച്ച പുതിയ ബജറ്റിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ ചുരുക്കിപ്പറയാം:

എല്ലാ നികുതിദായകര്‍ക്കും നികുതി നല്‍കേണ്ടാത്ത വരുമാനപരിധി രണ്ടര ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷമായി ഉയര്‍ത്തി. പഴയ നികുതിഘടന സ്വീകരിക്കുന്നവര്‍ക്ക് ഈ ബജറ്റില്‍ ലഭിച്ച ആകെ ആനുകൂല്യം ഇതാണ്. 10 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ഇതനുസരിച്ച് 20% നിരക്കില്‍ 10,000 രൂപ വരെ ലാഭിക്കാനാകും. 10 ലക്ഷത്തിനുമേല്‍ വരുമാനമുള്ളവര്‍ക്ക് 30% നിരക്കില്‍ കണക്കാക്കുകയാണെങ്കില്‍ 15,000 രൂപ വരെ ലാഭിക്കാം. 

പുതിയ നികുതിഘടന സ്വീകരിക്കുന്നവര്‍ക്ക് 7 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി വേണ്ട. 

പുതിയ നികുതിഘടനയിലെ സ്ലാബുകളുടെ എണ്ണം അഞ്ചായി കുറച്ചു. 3 ലക്ഷം വരെ നികുതിയില്ല. 3 മുതല്‍ 6 ലക്ഷം വരെ 5%, 6 - 9 ലക്ഷം: 10%, 9–12 ലക്ഷം: 15%, 12-15 ലക്ഷം: 20%, 15 ലക്ഷത്തിനു മുകളില്‍: 30%.

(കഴിഞ്ഞ വര്‍ഷം ഇത് ആറു സ്ലാബുകളായിരുന്നു. രണ്ടര ലക്ഷം വരെ നികുതിയില്ല. 2.5-5 ലക്ഷം 5%, 5–7.5 ലക്ഷം 10%, 7.5-10 ലക്ഷം 15%, 10–12.5 ലക്ഷം 20%, 12.5–15 ലക്ഷം 25%, 15 ലക്ഷത്തിനു മുകളില്‍ 30% എന്നിങ്ങനെ)

15.5 ലക്ഷത്തിനു മുകളില്‍ വരുമാനമുള്ള പുതിയ നികുതിഘടന സ്വീകരിക്കുന്നവര്‍ക്ക് 52,500 രൂപ സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ ലഭിക്കും. പുതിയ നികുതിഘടനയില്‍ ആദ്യമായാണ് ഏതെങ്കിലും തരത്തിലുള്ള നികുതിയിളവ് അനുവദിക്കുന്നത്. എന്നാലിത് ഉയര്‍ന്ന വരുമാനക്കാര്‍ക്കേ ലഭിക്കൂ എന്ന പരിമിതിയുണ്ട്.

ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള സര്‍ചാര്‍ജില്‍ ഇളവ്. ഏറ്റവുമുയര്‍ന്ന സര്‍ചാര്‍ജ് 37 ശതമാനത്തില്‍നിന്ന് 35 ശതമാനമായി കുറച്ചു. ഇതോടെ ഏറ്റവും ഉയര്‍ന്ന നികുതി  42.74 ശതമാനത്തില്‍നിന്ന് 39 ശതമാനമായി കുറയും. രണ്ടു കോടിയിലധികം വരുമാനമുള്ളവരാണ് ഈ നിരക്കില്‍ നികുതി അടച്ചിരുന്നത് എന്നതിനാല്‍ ഈ ഇളവും അതിസമ്പന്നര്‍ക്കു മാത്രമുള്ളതാണ്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്ത ജീവനക്കാര്‍ വിരമിക്കുമ്പോള്‍ ലീവ് വിറ്റ് പണമാക്കുന്നതിനുള്ള (ലീവ് എന്‍കാഷ്മെന്‍റ്) നികുതിയിളവ് പരിധി 3 ലക്ഷം രൂപ ആയിരുന്നത് 25 ലക്ഷം രൂപയാക്കി ഉയര്‍ത്തി. 20 വര്‍ഷം മുന്‍പ് നിശ്ചയിച്ച പരിധിയായ 3 ലക്ഷം രൂപയില്‍ ഇത്തവണയാണ് ഗണ്യമായ വര്‍ധനയുണ്ടാകുന്നത്.

നികുതി കണക്കാക്കുമ്പോള്‍

നിലവില്‍ രണ്ടു നികുതിഘടനയിലും അഞ്ചു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടതില്ല. നികുതി വേണ്ടാത്ത വരുമാന പരിധി രണ്ടു രീതിയിലും രണ്ടര ലക്ഷം രൂപ തന്നെയാണ്. അതുകഴിഞ്ഞുള്ള രണ്ടര ലക്ഷത്തിന് 87 എ വകുപ്പു പ്രകാരം റിബേറ്റ് നല്‍കിയാണ് നികുതി ഒഴിവാക്കുന്നത്. പുതിയ ബജറ്റില്‍ എല്ലാവരുടെയും നികുതി നല്‍കേണ്ടാത്ത വരുമാന പരിധി മൂന്നു ലക്ഷമായി ഉയര്‍ത്തി. നിലവില്‍ റിബേറ്റ് അടക്കം 5 ലക്ഷം രൂപ വരെയുള്ളവര്‍ക്കാണ് നികുതി ഇളവ് ഉണ്ടായിരുന്നതെങ്കില്‍, ഇക്കുറി പുതിയ നികുതിഘടന സ്വീകരിക്കുന്ന് 7 ലക്ഷം രൂപ വരെ വരുമാനക്കാര്‍ക്ക് നികുതി വേണ്ട എന്നതാണ് പ്രധാനപ്പെട്ട മാറ്റം. പഴയ നികുതിഘടന സ്വീകരിക്കുന്നവരുടെ കാര്യത്തില്‍ ഇതില്‍ മാറ്റമില്ല. അവര്‍ക്ക് 5 ലക്ഷം രൂപ വരെ വരുമാനത്തിന് നികുതി നല്‍കേണ്ട. അവരുടെ ആദായനികുതി സ്ലാബുകളും പഴയ രീതിയില്‍ തുടരും. രണ്ടര മുതല്‍ 5 ലക്ഷം വരെ 5%, 5 മുതല്‍ 10 ലക്ഷം വരെ 20%, 10 ലക്ഷത്തിനു മുകളില്‍ 30% എന്നിങ്ങനെയാണ് ആ നിരക്ക്. 

പുതിയ രീതിയുടെ നേട്ടങ്ങള്‍

ആദായനികുതി നിരക്കിലെ കുറവു തന്നെയാണ് പുതിയ നികുതിഘടനയുടെ പ്രധാന ആകര്‍ഷണം. പഴയ നികുതിഘടനയില്‍ 5 അഞ്ചു ലക്ഷത്തിനു മുകളില്‍ 10 ലക്ഷം വരെ 20 % നികുതി നല്‍കേണ്ടപ്പോള്‍ പുതിയ നിരക്കിലത് 5 മുതല്‍ പരമാവധി 15% വരെയാണ് (6 ലക്ഷം വരെ 5%, 6-9 ലക്ഷം 10%, 9-12 ലക്ഷം 15% എന്നിങ്ങനെ). 10 ലക്ഷത്തിനു മുകളിലാണെങ്കില്‍ പഴയ രീതിയിലെ നിരക്ക് 30 ശതമാനമാണ്. പുതിയ രീതിയില്‍ അത് 15 ലക്ഷം വരെ 15% മുതല്‍ (12 ലക്ഷം വരെ) 20% വരെയേ (15 ലക്ഷം വരെ) വരു. 15 ലക്ഷത്തിനു മുകളില്‍ രണ്ടു രീതിയിലും 30 ശതമാനം തന്നെ. അതായത് 9 ലക്ഷം വരുമാനമുള്ള ഒരാള്‍ക്ക് പുതിയ നികുതിഘടനയില്‍ 45000 രൂപ നികുതി നല്‍കിയാല്‍ മതി. (3 ലക്ഷം വരെ നികുതിയില്ല, പിന്നീടുള്ള 3 ലക്ഷത്തിന് 5% പ്രകാരം 15,000 രൂപ, അടുത്ത 3 ലക്ഷത്തിന് 10% പ്രകാരം 30,000 രൂപ, ആകെ 45000 രൂപ).

അതേസമയം ഇളവുകളില്ലെങ്കില്‍ പഴയ നിരക്കിലാകുമ്പോള്‍ ഇത് 92500 രൂപയാകും. (രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം വരെയുള്ള രണ്ടര ലക്ഷത്തിന് 5% നിരക്കില്‍ 12,500 രൂപ, തുടര്‍ന്ന് 5 ലക്ഷം മുതല്‍ 9 ലക്ഷം വരെയുള്ള 4 ലക്ഷത്തിന് 20% നിരക്കില്‍ 80,000 രൂപ, ആകെ 92,000 രൂപ). 9 ലക്ഷം രൂപ വരെ വരുമാനമുള്ള ഒരാള്‍ പുതിയ രീതിയില്‍ നല്‍കുന്ന നികുതിയായ 45,000 രൂപ ആകെ വരുമാനത്തിന്‍റെ 5 ശതമാനമേ വരൂ എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന 60,000 രൂപയില്‍ 25,000 രൂപ ലാഭം. 15 ലക്ഷം വരുമാനമുള്ള ഒരാളുടെ കാര്യത്തിലാണെങ്കില്‍ നിലവിലുള്ള നികുതി 1,87,500 രൂപയാണെങ്കില്‍ ഇനിമുതല്‍ 1.50,000 രൂപ മതി.

ഇനി പ്രാമുഖ്യം പുതിയ നികുതിഘടനയ്ക്ക്

നിലവില്‍ പുതിയ നികുതിഘടന വേണ്ടവര്‍ക്ക് അതു പ്രത്യേകം തിരഞ്ഞെടുക്കണമായിരുന്നു. ഇനി കാര്യങ്ങള്‍ തിരിച്ചാകും. ഇന്‍കം ടാക്സ് പോര്‍ട്ടലില്‍ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ പുതിയ നികുതിഘടന അനുസരിച്ചായിരിക്കും കണക്കുകളുണ്ടാവുക. പഴയ നികുതിഘടന വേണ്ടവര്‍ക്ക് അതു പ്രത്യേകം തിരഞ്ഞെടുക്കേണ്ടി വരും. അതായത്, പുതിയ നികുതിഘടന സ്വീകരിക്കുകയും അതേസമയം, പഴയത് ആവശ്യക്കാര്‍ക്കു മാത്രമായി നിലനിര്‍ത്തുകയുമാണു ചെയ്യുന്നത്.

Plan Your Monthly TDS -Tax Ready Reckoner 2023-24 by Sri. Gigi Varughese (download)
Ready Reckoner 2023-24 ​-Mobile Version(link)Help file (open)
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad