IISER Admission 2023

അടിസ്‌ഥാന സയൻസ് വിഷയങ്ങളിലെ പഠനഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള ‘ഐസർ’ (ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ & റിസർച്). തിരുവനന്തപുരം, മൊഹാലി, കൊൽക്കത്ത, പുണെ, ഭോപാൽ, തിരുപ്പതി, ബെർഹാംപുർ (ഒഡീഷ) എന്നീ 7 സ്‌ഥലങ്ങളിലാണ് ഐസർ"പ്രവർത്തിക്കുന്നത്. 

പ്ലസ്‌ടു കഴിഞ്ഞവർക്കുള്ള പ്രോഗ്രാമുകൾ
5 വർഷ ബിഎസ്–എംഎസ്
ഇരട്ടബിരുദം: ബയളോജിക്കൽ / കെമിക്കൽ / എർത്ത്  & ക്ലൈമറ്റ് / എർത്ത്  & എൻവയൺമെന്റൽ / ജിയളോജിക്കൽ / ഫിസിക്കൽ / മാത്തമാറ്റിക്കൽ / ഇന്റഗ്രേറ്റഡ് & ഇന്റർഡിസിപ്ലിനറി സയൻസ് (ബയളോജിക്കൽ / കെമിക്കൽ / ഡേറ്റ / മാത്തമാറ്റിക്കൽ / ഫിസിക്കൽ സയൻസസ്)
4 വർഷ ബിഎസ്

ഭോപാലിൽ മാത്രം:  ഇക്കണോമിക് സയൻസസ്, എൻജിനീയറിങ് സയൻസസ് (കെമിക്കൽഎൻജി, ഡേറ്റ സയൻസ് & എൻജി, ഇലക്ട്രിക്കൽ എൻജി & കംപ്യൂട്ടർ സയൻസ്). എല്ലാ പ്രോഗ്രാമുകളും എല്ലാ കേന്ദ്രങ്ങളിലുമില്ല. യോഗ്യത നേടുന്നവരെ ഗവേഷണത്തിലേക്കു തിരിച്ചുവിടാൻ തക്ക ഘടനയാണ് പാഠ്യക്രമത്തിന്. അവസാന വർഷം മുഖ്യമായും ഗവേഷണമാണ്.
പ്രവേശനത്തിന്   3 വഴികൾ
സയൻസ് സ്‌ട്രീമിൽ പഠിച്ച് 2022, 2023 വർഷങ്ങളിലൊന്നിൽ 60% എങ്കിലും മൊത്തം മാർക്കോടെ 12 ജയിച്ചവർക്ക് 3 കൈവഴികളിലൂടെ പ്രവേശനം നേടാം. പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% മതി. തുല്യഗ്രേഡും പരിഗണിക്കും. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ 3 വിഷയങ്ങളെങ്കിലും 12ൽ പഠിച്ചിരിക്കണം.

11,12 ക്ലാസുകളിലെ മാർക്കുകൾ ചേർത്താണ് റിസൽറ്റ് എങ്കിലും 12 ലെ മാർക്കു മാത്രമേ പരിഗണിക്കൂ. 4 വർഷ ബിഎസ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനു മാത്രം 12ൽ മാത്‌സ് പഠിച്ചിരിക്കണമെന്നു നിർബന്ധമുണ്ട്.
12 ലെ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

1.ഐഎടി (ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്): 75% സീറ്റുകളെങ്കിലും ഈ കൈവഴിയിലായിരിക്കും. കേരളത്തിലേതടക്കം ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ കംപ്യൂട്ടർ അടിസ്ഥാനമാക്കി ജൂൺ 17ന് രാവിലെ 9 മുതൽ 3 മണിക്കൂർ ഐസർ–അഭിരുചി പരീക്ഷ (IAT 2023) നടത്തും. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിൽ നിന്ന് 15 വീതം ആകെ 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റൊന്നിന് ഒരു മാർക്ക് കുറയ്ക്കും. ടെസ്റ്റിന്റെ സിലബസും മുൻപരീക്ഷകളിലെ ചോദ്യങ്ങളും മോക്‌ടെസ്റ്റും വെബ്സൈറ്റിൽ. റാങ്ക് കട്ടോഫ് പിന്നീട് അറിയിക്കും. ജൂലൈ 3ന് പരീക്ഷാഫലം വരും.
2. കെവിപിവൈ (കിഷോർ വൈജ്ഞാനിക് പ്രോത്സാഹൻ യോജന, ( www.kvpy.iisc.ernet.in). എക്സ്റ്റൻഡഡ് ലിസ്റ്റുകാരെ പരിഗണിക്കില്ല.
3. ജെഇഇ: 2023ലെ ജെഇഇ അഡ്വാൻസ്‌ഡ് പരീക്ഷയിൽ മികവ്. കോമൺ റാങ്ക്‌ലിസ്റ്റിലോ അതത് കാറ്റഗറി റാങ്ക്‌ലിസ്റ്റിലോ 15,000 ന് അകമുള്ള റാങ്കു വേണം.  ( https://jeeadv.ac.in )
അർഹതയുള്ളപക്ഷം രണ്ടോ മൂന്നോ കൈവഴികളിലൂടെ അപേക്ഷിക്കുന്നതിനു തടസ്സമില്ല.
കെവിപിവൈ / ഐഐടി–ജെഇഇ ചാനലുകാർ ഐസർ–അഭിരുചി പരീക്ഷയെഴുതേണ്ട. ഒസിഐ, പിഐഒ വിഭാഗക്കാരെ പ്രവേശനത്തിന് ഇന്ത്യക്കാരായി കരുതും.
അപേക്ഷ
ഐഎടി / കെവിപിവൈ : ഏപ്രിൽ 15 മുതൽ മേയ് 25 വരെ. ജെഇഇ– ജൂൺ 25 മുതൽ 30 വരെ (ഇതിൽ മാറ്റം വരാം). അപേക്ഷാരീതി വെബ്സൈറ്റിലുണ്ട്. ഓൺലൈനായിത്തന്നെ അപേക്ഷിക്കണം.3 കൈവഴികളിൽ ഓരോന്നിനും തനതായ ഓൺലൈൻ അപേക്ഷ വേണം. ആദ്യം ആപ്ലിക്കേഷൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. തുടർന്ന് ആ റജിസ്ട്രേഷൻ അക്കൗണ്ടുപയോഗിച്ച്, യോഗ്യതയും താൽപര്യവും അനുസരിച്ച്, ഒന്നോ രണ്ടോ മൂന്നോ ചാനലുകളിൽ വെവ്വേറെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓരോന്നിനും അപേക്ഷാഫീ പ്രത്യേകമടയ്ക്കണം. ഓരോ കൈവഴിക്കും 7 ഐസറുകളിലേക്കും ചേർത്ത് പൊതുവായ ഒരപേക്ഷ മതി; വെവ്വേറെ വേണ്ട. താൽപര്യമുള്ള ഐസറുകളുടെ മുൻഗണനാക്രമം അപേക്ഷയിൽ സൂചിപ്പിക്കാം. അപേക്ഷാഫീ 2000 രൂപ. പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 1000 രൂപ. തുക ഓൺലൈനായി അടയ്ക്കാം.
12ലെ ഉത്തരക്കടലാസിന്റെ സൂക്ഷ്മപരിശോധനയിലോ പുനർമൂല്യനിർണയത്തിലോ കൂടുതൽ മാർക്ക് കിട്ടിയ കുട്ടികൾ, ഒറിജിനൽ മാർക്‌ഷീറ്റ് ആപ്ലിക്കേഷൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്ത്, പരിഷ്കരിച്ച മാർക്ക് അപേക്ഷയിൽ കാണിക്കണം. കൂടാതെ, പരീക്ഷാബോർ‍ഡ് തന്ന ‘റിവൈസ്ഡ് മാർക് സ്റ്റേറ്റ്മെന്റ്’ ask-jac2023@iisermohali.ac.in എന്ന ഐഡിയിലേക്ക് നിർദേശാനുസരണം ഇ–മെയിൽ ചെയ്യുകയും വേണം. (അപേക്ഷാ നമ്പർ, Revised Marks എന്നിവ സബ്ജക്ട് ലൈനിൽ കാണിക്കണം)  
മറ്റു വിവരങ്ങൾ
തിരുവനന്തപുരത്തെ 320 അടക്കം ബിഎസ്–എംഎസിന് ആകെ 1748 സീറ്റുകളുണ്ട്. ഭോപാലിലെ 4 വർഷ ബിഎസ് എൻജിനീയറിങ്ങിന് 60, ഇക്കണോമിക്സിന് 30 സീറ്റുകൾ. കേന്ദ്രമാനദണ്ഡപ്രകാരം സംവരണമുണ്ട്.
ആദ്യറൗണ്ട് പ്രവേശന ലിസ്റ്റ് ജൂലൈ 5നു വരും. സീറ്റ് ഓഫർ കിട്ടുന്നവർ നിർദിഷ്ട സമയത്തിനകം 10,000 രൂപ അ‍ഡ്മിനിസ്ട്രേറ്റിവ് ഫീയടക്കം 35,000 രൂപ സീറ്റ് അക്സപ്റ്റൻസ് ഫീയടയ്ക്കണം. ഇതിലെ 10,000 രൂപ തിരികെക്കിട്ടില്ല. പട്ടികവിഭാഗക്കാർ യഥാക്രമം 5000 /17,500 രൂപ. സമയത്ത് ഈ തുകയടയ്ക്കാത്തവർ സിസ്റ്റത്തിനു പുറത്താകും. പ്രവേശനം കിട്ടുന്നവരുടെ സെമസ്റ്റർഫീയിൽ തുക വകയിരുത്തും.
സീറ്റ്–ഓഫർ കിട്ടുന്നവർക്ക് ഫ്രീസ് / ഫ്ലോട്ട് ഇവയിലൊന്നു തിരഞ്ഞെടുക്കാം. ഫ്രീസുകാർ കിട്ടിയ സീറ്റ് മതിയെന്നു വയ്ക്കുന്നു. ഫ്ലോട്ടുകാരെയാകട്ടെ, തുടർ–റൗണ്ടുകളിൽ നേരത്തെ അവർ നൽകിയ മുൻഗണനാക്രമത്തിലെ മെച്ചമായ സീറ്റുണ്ടെങ്കിൽ അതിലേക്കു മാറ്റും.

ക്യാംപസിൽ താമസിക്കണം. ഒരു ഐസറിൽനിന്ന് മറ്റൊന്നിലേക്കു മാറ്റം അനവദിക്കില്ല. ട്യൂഷൻഫീ നിരക്കുകൾക്ക് അതതു ഐസറുകളുടെ സൈറ്റ് നോക്കണം. കെവിപിവൈ കൈവഴിയിലൂടെ പ്രവേശിച്ചവർക്ക് ആ പദ്ധതിപ്രകാരമുള്ള സ്കോളർഷിപ് ലഭിക്കും. ജെഇഇ, ഐഎടി കൈവഴിക്കാർക്കു കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ മാനദണ്ഡപ്രകാരം പരിമിതമായ ഇൻസ്പയർ സ്കോളർഷിപ്പുണ്ട്.  പ്രവേശനത്തിന്റെ വിശദാംശങ്ങൾക്കു സൈറ്റിലെ FAQ നോക്കണം. പുതിയ അറിയിപ്പുകൾക്കും വെബ്സൈറ്റ് നിരന്തരം ശ്രദ്ധിക്കണം.
Contact Details - Thiruvanathapuram

The Chairperson

Joint Admissions Committee 2023 

Maruthamala PO, Vithura,

Thiruvananthapuram - 695551

Kerala

Phone :0471-2778009, 8044, 8028

e-mail:registrar@iisertvm.ac.in

IISER Admissions 2023 Online Portal(link)Fequently Asked Questions(open)
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad