Academic Master Plan and Teacher Plan

സമഗ്രഗുണമേന്മ വര്‍ഷമായി പ്രഖ്യാപിച്ച 2025-26 അധ്യയനവര്‍ഷം പാഠ്യപദ്ധതികളിലും മൂല്യനിര്‍ണയ രീതികളിലും വരുത്തിയ മാറ്റങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യസ രംഗത്തെ ഗുണപരമായ മാറ്റങ്ങള്‍ക്കും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തന പദ്ധതിക്കായി  22/03/2025ന് സ.ഉ. (സാധാ) നം 182/2025/ പൊ.വി.വ പ്രകാരം മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട് . ഇതിന്റെ അടിസ്ഥാനത്തില്‍ 30/06/2025നകം 2025-26 അധ്യനവര്‍ഷത്തെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. 

കൃത്യമായ ആസൂത്രണത്തോടെ ഒരു വിദ്യാലയം ഏറ്റെടുക്കേണ്ട അക്കാദമിക് കടമകളെയോ പ്രവര്‍ത്തനത്തെയോ വിശദീകരിക്കുന്ന ഒരു ആധികാരിക രേഖയാണ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍. ഭാവിക്ക് അനുയോജ്യമായ രീതിയില്‍ മാറിക്കൊണ്ടിരിക്കുന്ന നൂതനമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ആസൂത്രണം ചെയ്തതും ചെയ്യാവുന്നതുമായ പദ്ധതികളുടെ ഒരു ഏകദേശ രൂപമാണ് അക്കാദമിക മാസ്റ്റര്‍ പ്ലാനിലൂടെ വിശദമാക്കുന്നത്. അക്കാദമിക മാസ്റ്റര്‍ പ്ലാനിനെ  ഹ്രസ്വകാല പദ്ധതി, ഇടക്കാല പദ്ധതി, ദീര്‍ഘകാല പദ്ധതി എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി വിഭജിക്കാം .

  1. ഹ്രസ്വകാലപദ്ധതി :- വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഭാഷാ വിഷയങ്ങളില്‍ എഴുതുന്നതിനും വായിക്കുന്നതിനുമുള്‍പ്പെടെ ആശയവിനിമയം സാധിക്കുന്നു എന്നുറപ്പ് വരുത്തുന്നതിനും ഭാഷേതര വിഷയങ്ങളില്‍ അവരുടെ അഭിരുചി വികസിപ്പിക്കുകയും തല്‍പ്പരരാക്കുകയും ചെയ്യുക എന്നിവയുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഹൃസ്വകാല പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്. വര്‍ഷത്തിന്റെ ആരംഭത്തിലെ മൂന്നോ നാലോ മാസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തുക. അക്കാദമിക മികവിന് പ്രാധാന്യം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കിയാവും ഇവ തയ്യാറാക്കുക
  2. ഇടക്കാല പദ്ധതി :- ഒരു അക്കാദമിക വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ഇടക്കാല പദ്ധതി തയ്യാറാക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പരിസ്ഥിതി സൗഹൃദ കലാലയം തുടങ്ങിയവ ഇടക്കാല പദ്ധതികളില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
  3. ദീര്‍ഘകാല പദ്ധതി  :- വിദ്യാലയത്തിലെ അക്കാദമികവും അടിസ്ഥാന സൗകര്യ വികസനവും ലക്ഷ്യമാക്കി പൊതുജന പങ്കാളിത്തത്തോടെ കൂടി സഹായത്തോടെ നടപ്പിലാക്കാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ദീര്‍ഘ കാല പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത്
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് ഉണ്ടാവേണ്ട മുന്‍ഗണനകള്‍ അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തണം. സ്ഥാപനത്തിന്റെ പുരോഗതി ലക്ഷ്യമാക്കി വിവിധ തലങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെയും അതില്‍ നിന്നുരുത്തിരിയുന്ന ആശയങ്ങളുടെയും അതില്‍ നടപ്പിലാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളുടെയും പ്രതിഫലനമായിരിക്കണം അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ പ്രതിഫലിക്കേണ്ടത്. ചുരുക്കത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സാധ്യതകള്‍, അക്കാദമിക ലക്ഷ്യങ്ങള്‍, മുന്‍ഗണനകള്‍, വിഭവങ്ങളുടെ വിനിയോഗം, പ്രവര്‍ത്തന പദ്ധതികള്‍ എന്നിവയുടെ സംക്ഷിപ്തരൂപമാണ് അക്കാദമിക മാസ്റ്റര്‍ പ്ലാന്‍. 
ഓരോ വിദ്യാലയത്തിലെയും ക്ലാസ് തലത്തിലും , വിഷയതലത്തിലും  വ്യക്തി തലത്തിലും ഓരോ വിദ്യാര്‍ഥികളുടെയും പരിമിതികളും സാധ്യതകളും മനസിലാക്കി അവക്കുള്ള പരിഹാരത്തിനും സാധ്യതകള്‍ വികസിപ്പിക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി അവ അക്കാദമിക  മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍, ജില്ലയുടെ തനത് പദ്ധതികളും നിര്‍ബന്ധമായും അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അതോടൊപ്പം വിദ്യാലയത്തിന്റെ തനതായ പദ്ധതികളും ഇതിന്റെ ഭാഗമാക്കാവുന്നതാണ്. 

അക്കാദമിക മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്താവുന്ന ശീര്‍ഷകങ്ങള്‍
  1. കവര്‍ പേജ് :- കവര്‍ പേജില്‍ വിദ്യാലയത്തിന്റെ പേര്, ഉപജില്ല, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല, തയ്യാറാക്കിയ വര്‍ഷം എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്. അതോടൊപ്പം വിദ്യാലയത്തിന്റെ മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍ എന്നിവയും ചേര്‍ക്കാവുന്നതാണ്
  2. ഉള്ളടക്കം :- ഓരോ പ്രധാന വിഷങ്ങളും (അധ്യായങ്ങള്‍) ഏത് പേജ് മുതലെന്ന് സൂചിപ്പിക്കുന്ന ഉള്ളടക്കം
  3. ആമുഖം :- വിദ്യാലയത്തെക്കുറിച്ചുള്ള ലഘുവിവരണം ഉണ്ടാവണം. വിദ്യാലയം ആരംഭിച്ചതും അപ്‍ഗ്രേഡ് ചെയ്‍തതുമായ വര്‍ഷങ്ങള്‍, മാനേജ്‍മെന്റ് വിവരങ്ങള്‍, ആകെ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും എണ്ണം, ഓരോ ക്ലാസിന്റെയും ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ , മുന്‍കാലങ്ങളിലെ നേട്ടങ്ങള്‍ , അക്കാദമിക-അനക്കാദമിക മേഖലകളിലെ  നേട്ടങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
  4. ആശയങ്ങള്‍  :- ഭാവിയില്‍ വിദ്യാലയം എങ്ങനെയായിരിക്കണം എന്നതിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്
  5. ലക്ഷ്യങ്ങള്‍  :- അക്കാദമികവും അനക്കാദമികവും ആയ മേഖലകളില്‍ കൈവരിക്കാവുന്ന ലക്ഷ്യങ്ങള്‍ ഈ ശീര്‍ഷകത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഇടപെടേണ്ട മേഖലകള്‍ , സാധ്യതകള്‍ എന്നിവ ഇതില്‍ വിശദീകരിക്കാവുന്നതാണ്.
  6. പ്രതിസന്ധികള്‍ പരിമിതികള്‍  :-ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നേരിടുന്ന പ്രധാന പ്രതിസന്ധികളും പോരായ്‍മകളും ഇവിടെ വിശദീകരിക്കാം
  7. അക്കാദമിക പ്രവര്‍ത്തനങ്ങള്‍   :- ക്ലാസ് തലത്തിലും വിഷയാടിസ്ഥാനത്തിലും തയ്യാറാക്കിയ വിശകലനങ്ങളുടെ സംക്ഷിപ്‍തരൂപം, വിദ്യാര്‍ഥികളുടെ സാമൂഹികവും സാമ്പത്തികവുമായി നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ അവരെ വിദ്യാഭ്യാസപരമായി മുന്നിലെത്തിക്കാന്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍, ഇതിന് ആവശ്യമായ സഹകരണം പ്രതീക്ഷിക്കുന്ന മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ ആശയവിനിമയം നടത്തി അവയുടെ ക്രോഡീകരിച്ച രൂപമാണ് ഇതില്‍ ഉള്‍പ്പെടുത്താവുന്നത്
  8. പ്രവര്‍ത്തനപദ്ധതിയുടെ വിശദീകരണം :- മേല്‍ സൂചിപ്പിച്ച ആശയവിനിമയങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ സാധിക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ഇതില്‍ രേഖപ്പെടുത്താം. പദ്ധതികളുടെ നടത്തിപ്പിനാവശ്യമായ വിവരസമാഹരണം , അതിന് ആവശ്യമായ സാമ്പത്തികം എന്നിവയൊക്കെ ഇവിടെ ഉള്‍പ്പെടുത്താം
  9. ഉപസംഹാരം  :- അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ അവതരണത്തിന്റെ വിവിധ ഘട്ടങ്ങളുടെ ക്രോഡീകരണം

Academic Master Plan 2025
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  സര്‍ക്കുലര്‍
സ്കൂളുകള്‍ തയ്യാറാക്കിയ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സ്‍കൂള്‍ വിക്കിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച സര്‍ക്കുലര്‍
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തന്നതിനുമായുള്ള പ്രവര്‍ത്തന പദ്ധതി – മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അംഗീകരിച്ച്‌ ഉത്തരവ്‌
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിഷന്‍ 100 അക്കാദമിക മാര്‍ഗരേഖ
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ SCERT പ്രസിദ്ധീകരിച്ച മാര്‍ഗരേഖ
അക്കാദമിക മാസ്റ്റര്‍ പവർപോയിൻ്റ് അവതരണം
 അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ മാതൃക
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad