വിദ്യാര്‍ഥികളില്‍
സാമൂഹ്യസേവനത്തെക്കുറിച്ച് അവബോധം സഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2022-23
അധ്യയനവര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിയാണ് സ്‍കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‍കീം
. സമൂഹവും വിദ്യാലയവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും അതിന്റെ
ഗുണഫലങ്ങളെ സുസ്ഥിരമായ സാമൂഹിക നിര്‍മ്മിതിക്ക്
ഉപയോഗപ്പെടുത്തുന്നതിനുമുള്ള ചുവട്‍വെയ്പായാണ് സോഷ്ല്‍ സര്‍വീസ് സ്കീം
കൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികളില്‍ മാനവിക മൂല്യങ്ങളെക്കുറിച്ചും
ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയും സാമൂഹികജീവിതം
ശക്തിപ്പെടുത്തുന്ന മനോഭാവവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കുക
എന്നതാണ് ആത്യന്തിക ലക്ഷ്യം.
ലോകസേവനത്തെയും സാമൂഹിക സഹജീവനത്തെയും ആസ്‍പദമാക്കുന്ന സ്‍കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‍കീമിന്റെ അപ്‍തവാക്യം സേവനം സഹജീവനം എന്നതാണ്.
2025-26 അധ്യയനവര്‍ഷം സ്‍കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‍കീം ഏറ്റെടുത്ത് നടപ്പിലാക്കേണ്ട വിവിധ പ്രവര്‍ത്തനങ്ങളും സോഷ്യല്‍ സര്‍വീസ് സ്‍കീമിന്റെ രൂപീകരണവും ദൈനംദിന പ്രവര്‍ത്തനങ്ങളും ഉള്‍പ്പെട്ട മാര്‍ഗരേഖ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പ്രധാനപ്പെട്ട വസ്‍തുതകള്‍ ചുവടെ വിശദീകരിക്കുന്നു
- സര്‍ക്കാര്‍ മേഖലയിലെ ഹൈസ്‍കൂളുകളും യു പി സ്‍കൂളുകളുമാണ് സ്‍കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‍കീമില്‍ ഉള്‍പ്പെടുക
- യൂണിറ്റുുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കണം.
- ജില്ലാ തല മോണിട്ടറിങ്ങ് സമിതിയും സംസ്ഥാനതല മോണിട്ടറിങ്ങ് സമിതിയും അംഗീകരിച്ചാല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും രജിസ്റ്റര്‍ നമ്പര്‍ അനുവദിക്കും . ഇപ്രകാരം രജിസ്റ്റര്‍ നമ്പര്‍ ലഭിക്കുന്ന വിദ്യാലയങ്ങള്‍ യൂണിറ്റ് വിവരങ്ങളുള്ള ബോര്‍ഡ് സ്ഥാപിക്കണം . മാതൃക ഇവിടെ
- ഓരോ വര്‍ഷവും ജൂണ്‍ 15നുള്ളില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന് അപേക്ഷ ക്ഷണിക്കണം യൂണിറ്റ് തുടങ്ങുന്ന ആദ്യവര്‍ഷം അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും 30 കുട്ടികളെ വീതവും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 10 കുട്ടികളെ വീതവുമാണ് പുതുതായി അംഗങ്ങളായി ചേര്‍ക്കേണ്ടത്
- സ്കൂള്‍ പ്രധാനാധ്യാപകന്‍, യൂണിറ്റ് കോര്‍ഡിനേറ്റര്‍, എസ് ആര്‍ ജി കണ്‍വീനര്‍, 5,8 ക്ലാസുകളിലെ ക്ലാസ് അധ്യാപകര്‍ എന്നിവരടങ്ങിയ സമിതിയാണ് ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും നടത്തി കുട്ടികളെ തിരഞ്ഞെടുക്കേണ്ടത്.
- അഞ്ചാം ക്ലാസില്‍ അംഗത്വം നേടിയ കുട്ടി ഏഴാം ക്ലാസ് വരെയും എട്ടില്‍ അംഗത്വം നേടിയ കുട്ടി പത്താം ക്ലാസ് വരെയും സ്‍കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‍കീമില്‍ അംഗമായി തുടരും. എന്നാല്‍ ആദ്യ രണ്ട് മാസങ്ങളിലെ (ആഗസ്ത് 15 വരെ) പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തവരെയും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരെയും സ്കൂള്‍ സെലക്ഷന്‍ കമ്മിറ്റി ചേര്‍ന്ന് ഒഴിവാക്കാവുന്നതും തുടര്‍ന്ന് Priority List ഉള്ള തൊട്ടടുത്ത ആളെ ഉള്‍പ്പെടുത്തുകയും ചെയ്യാം. ആഗസ്ത് 15ന് ശേഷം പുതുതായി ആരെയും ഉള്‍പ്പെടുത്താന്‍ പാടില്ല. പുതുതായി അംഗത്വം നേടിയ ഏതെങ്കിലും വിദ്യാര്‍ഥി ആഗസ്ത് 15 നകം ടി സി വാങ്ങി പോകുന്ന പക്ഷം പ്രസ്‍തുത വിദ്യാര്‍ഥിയുടെ അംഗത്വം നഷ്ടപ്പെടുകയും പുതുതായി ചേരുന്ന വിദ്യാലയത്തില്‍ സോഷ്യല്‍ സര്‍വീസ് സ്കീം ഉണ്ടെങ്കില്‍ പോലും അവിടെ അംഗത്വം ലഭിക്കുകയുമില്ല. ഇപ്രകാരം ടി സി വാങ്ങുന്നവര്‍ക്ക് പകരവും പുതിയ ആളുകളെ മുന്‍ രീതിയില്‍ ഉള്‍പ്പെടുത്താം.
- മതിയായ കാരണം ഇല്ലാതെ ഒരു മാസം തുടര്‍ച്ചയായി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നിന്നാല്‍ അംഗത്വം നഷ്ടമാകും
- മൂന്ന് വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമേ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.
- തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണം
- മിക്‍സഡ് സ്കൂളുകളില്‍ കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍ ലിംഗസമത്വം പാലിക്കണം
- തിരഞ്ഞെടുക്കുന്ന സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‍കീം അംഗങ്ങള്‍ക്ക് വിദ്യാലയസമിതി ചേര്‍ന്ന് എന്‍റോള്‍മെന്റ് നമ്പര്‍ നല്‍കണം. അവരുടെ വിശദാംശങ്ങള്‍ എന്‍റോള്‍മെന്റ് രജിസ്റ്ററില്‍ ചേര്‍ക്കണം.
- ഏസ് സി / എസ് ടി വിഭാഗത്തില്‍ നിന്നും അപേക്ഷകരുണ്ടെങ്കില്‍ 10% അവര്‍ക്കായി നീക്കി വെക്കണം
- അംഗത്വം ലഭിച്ച വിദ്യാ്‍ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും സമ്മതപത്രം എഴുതി വാങ്ങണം.
- തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും പ്രവര്‍ത്തനഡയറിയില്‍ രേഖപ്പെടുത്തലുകള്‍ വരുത്തി കോര്‍ഡിനേറ്റര്‍ക്ക് സമര്‍പ്പിക്കണം
- ഒരു വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് അംഗങ്ങളില്‍ നിന്നും ലീഡര്‍, ഉപലീഡര്‍, പി ആര്‍ ഒ, അസിസ്റ്റന്റ് പി ആര്‍ ഒ എന്നിവരെ തിരഞ്ഞെടുക്കുകയും മാര്‍ഗരേഖ പ്രകാരം (പേജ് 14,15) ചുമതലകള്‍ വീതിച്ച് നല്‍കുകയും വേണം
- സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യവും സന്നദ്ധതയുമുള്ള ഒരു അധ്യാപകന്‍ / അധ്യാപികയെ ആയിരിക്കണം സ്കൂള്‍ തല യൂണിറ്റ് കോര്‍ഡിനേറ്റര്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍മാരായി തിരഞ്ഞെടുക്കാം. ഇവരുടെ ചുമതലകള്‍ മാര്‍ഗരേഖയുടെ 16,17 പേജുകളില്‍ വിശദീകരിച്ചിട്ടുണ്ട്
- യൂണിറ്റ് ആരംഭിച്ച വിദ്യാലയങ്ങളില്‍ മാസത്തില്‍ രണ്ട് തവണ യോഗം ചേരേണ്ടതും യൂണിറ്റ് ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം ഏതെങ്കിലും ഒരംഗം സോഷ്യല്‍ മീഡിയയുമായി ബന്ധപ്പെട്ട ആനുകാലിക പ്രശ്നങ്ങള്‍ / സംഭവങ്ങള്‍ അവതരിപ്പിക്കണം. അതോടൊപ്പം തന്നെ മികച്ച സാമൂഹിക പ്രവര്‍ത്തകരെ പരിച്യപ്പെടുത്തുന്നതിനും അനുഭവം പങ്കിടുന്നതും യോഗത്തിന്റെ ആമുഖമായി ഉള്‍പ്പെടുത്തണം
- സ്കൂള്‍ പി ടി എ, എസ് എം സി, എം പി ടി എ, എസ് ആര്‍ ജി യോഗങ്ങളില്‍ സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീമിന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പ്രവര്‍ത്തനങ്ങള്‍ മോണിട്ടര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സൂക്ഷിക്കേണ്ടതും പ്രധാനാധ്യാപകന്റെ ഉത്തരവാദിത്വമാണ്.
- സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീമിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുസമക്ഷം എത്തിക്കുന്നതിലേക്കായി സ്പോട്ട്‍ലൈറ്റ് എന്ന പേരില്‍ ഒരിടം സജ്ജമാക്കുകയും പ്രവര്‍ത്തനങ്ങളുടെ ഹൈലൈറ്റുകള്‍ ഇതില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.